ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ പരിശുദ്ധനായ പരുമല തിരുമേനിയുടെ 123-ാമത് ഓർമപ്പെരുന്നാൾ ഡാളസിലെ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ (130 Locust Grove Rd., Garland, TX 75043) ഞായറാഴ്ച മുതൽ നവംബർ രണ്ട് വരെ ആചരിക്കും.
പെരുന്നാളിന്റെ കൊടിയേറ്റ് ചടങ്ങ് ഞായറാഴ്ച രാവിലെ 11.30ന് കുർബാനയ്ക്കുശേഷം നടക്കും. ഡോ. തോമസ് മാർ ഇവാനിയോസ് തിരുമേനി കൊടിയേറ്റിന് മുഖ്യകാർമികത്വം വഹിക്കും.
ഫിലഡൽഫിയ സെന്റ് തോമസ് പള്ളി അസി. വികാരി റവ. ഫാ. സുജിത് തോമസ് ആണ് ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകളിലെ മുഖ്യ കാർമികനും കൺവൻഷൻ പ്രഭാഷകനും. 31, നവംബർ ഒന്ന് തീയതികളിൽ സന്ധ്യാ നമസ്കാരത്തിനു ശേഷം ഫാ. സുജിത് തോമസ് നയിക്കുന്ന കൺവൻഷൻ പ്രസംഗങ്ങൾ നടക്കും
പ്രധാന പെരുന്നാൾ ദിവസമായ നവംബർ രണ്ടിന് രാവിലെ 8.30ന് പ്രഭാത നമസ്കാരവും തുടർന്ന് ഫാ. സുജിത് തോമസ് മുഖ്യ കാർമികത്വം വഹിക്കുന്ന കുർബാനയും നടക്കും. 11.30ന് റാസയും ആശീർവാദവും ഉണ്ടാകും.
പെരുന്നാൾ ദിവസമായ നവംബർ രണ്ടിന് ഉച്ചയ്ക്ക് 12.30ന് എംജിഎം ഹാളിൽ സ്നേഹവിരുന്നോടെ പെരുന്നാൾ സമാപിക്കും. കൂടാതെ, യുവജന പ്രസ്ഥാനങ്ങളുടെയും വിദ്യാർഥി പ്രസ്ഥാനങ്ങളുടെയും പ്രത്യേക ധ്യാനങ്ങൾ നവംബർ ഒന്നിന് ഫാ. സുജിത് തോമസിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ട്.
ദേവാലയ വികാരിയും പ്രസിഡന്റുമായ റവ. ഫാ. ജോയൽ മാത്യു, ട്രസ്റ്റി ടോണി ജേക്കബ്, സെക്രട്ടറി ഡെന്നിസ് ഡാനിയേൽ എന്നിവർ പെരുന്നാൾ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.
പെരുന്നാൾ ശുശ്രൂഷകളിൽ പങ്കെടുത്തുകൊണ്ട് തിരുമേനിയുടെ അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും ദേവാലയത്തിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.